Sreejith K's Blog
My babblings expressed. Read at your own risk.
മോഹഭംഗം
ഇന്ന്‌ ഡിസംബര്‍ 31ന്ന്‌‌. ശമ്പളം കിട്ടുന്ന ദിവസം. അവന്‍ അക്ഷമനായിരുന്നു. ശമ്പളം സാലറി അക്കൌന്‍ഡില്‍ വരുന്നത്തും കാത്തു ഒരുപാടു നേരമായി അവന്‍ കാത്തിരിക്കുന്നു. ഒരോ പത്തു മിനിറ്റ്‌ കൂടുമ്പോഴും അവന്‍ ATM-ന്റെ അകത്ത്‌ കയറി അക്കൌന്‍ഡിലെ ബാലന്‍സ്‌ നോക്കിക്കൊണ്ടിരുന്നു. രണ്ടു വര്‍ഷമായി അവന്‍ ഗള്‍ഫില്‍ വന്നിട്ട്‌. ഈ മാസത്തെ ശമ്പളവും കൂട്ടിയാല്‍ അവളുടെ അച്ചന്‍ അവനെ വെല്ലുവിളിച്ച അത്രയും തുകയായി. ഇത്‌ അക്കൌന്‍ഡില്‍ വന്നിട്ട്‌ വേണം, നാട്ടിലേക്കുള്ള അക്കൌന്‍ഡിലേക്ക്‌ മാറ്റി അവന്‌ ഇന്നു രാത്രിയുള്ള വിമാനത്തിന്‌ നാട്ടിലേക്ക്‌ പോകാന്‍.

അവളെ കാണാനുള്ള ആഗ്രഹം അവന്‌ അടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ അവനും അവളും ഒന്നിച്ചായിരുന്നു. അവന് അവള്‍ ജീവനായിരുന്നു. അവള്‍ക്ക്‌ അവനും. നാട്ടില്‍ കളിച്ചു ചിരിച്ചു നടക്കുന്നതിനിടയില്‍ കാലം ഒരുപാടു മുന്നോട്ട് പോയതു അവന്‍ കാര്യമായി എടുത്തില്ല. അമ്പലപ്പറമ്പും ക്ലബും പിന്നെ അവളും, അവന്റെ ജീവിതം അങ്ങിനെ മുന്നോട്ടു പോയി.

അവള്‍‍ക്ക്‌ പ്രായമായപ്പോഴാണ്‌ എല്ലാം തകിടം മറിഞ്ഞത്‌. അമ്മാവന്റെ മകളായിരുന്നെങ്കിലും ജോലി ഇല്ല്ലാത്ത ഒരുത്തന്‌ അവളെക്കൊടുക്കാന്‍ അമ്മാവന്‍ തയ്യാറുണ്ടായിരുന്നില്ല. അവന്‍ അമ്മയേയും അച്ഛനേയും കാലു പിടിച്ചു സമ്മതിപ്പിച്ചു അമ്മാവന്റെ വീട്ടില്‍ ചെന്നുചോദിക്കാന്‍ ചെന്നപ്പോള്‍ അമ്മാവന്‍ പുച്ഛത്തോടെയായിരുന്നു സംസാരിച്ചത്‌. അമ്മാവന്റെ ആട്ടും തുപ്പും സഹിക്കാതായപ്പോള്‍, അമ്മാവന്‍ അവനൊരിക്കലും ഉണ്ടാക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കാശ്  ഉണ്ടാക്കിയിട്ടു തിരിച്ചു വന്നു അവളെ കൊണ്ടുപോകുമെന്നും പറഞ്ഞു വെല്ലുവിളിച്ചിറങ്ങിപ്പോന്നതാണ്, രണ്ടു വര്‍ഷക്കാലം പിശുക്കി പിശുക്കി ജീവിച്ച്‌ ഒരു സമ്പാദ്യം ഉണ്ടാക്കാന്‍ അവനെ പ്രേരിപ്പിച്ചതു. ഇന്നു അവന്‍ കാത്തു നിന്ന ആ സുദിനമാണ്‌.

അവന്‍ വീണ്ടും തന്റെ അക്കൌണ്ട്‌ എടുത്തു നോക്കി. അതില്‍ ശമ്പളം വന്നിട്ടുണ്ട്. വേഗം തന്നെ ആ കാശ്‌ പിന്‍വലിച്ച്‌ നാട്ടിലെ അക്കൌണ്ടിലേക്കു മാറ്റി അവന്‍ അന്നത്തെ വിമാനം കയറി. അവന്‍ ലോകം വെട്ടിപ്പിടിച്ച ജേതാവിന്റെ സന്തോഷത്തില്‍, നാളെയുടെ സ്വപ്നങ്ങളുമായി വിമാനത്തില്‍ കണ്ണുമടച്ചു കിടക്കുമ്പോള്‍ അവള്‍ അന്നു അവളുടെ ആദ്യരാത്രിയില്‍ അവളുടെ പുതിയ അവന്റെ മാറില്‍ കണ്ണടച്ചു സന്തോഷമായി ഉറങ്ങുകയായിരുന്നു.
2006-03-01 07:51:06 GMT
Hosted by www.Geocities.ws

1